HOLY MASS

Holy Mass Timings : SUNDAY : 8.00 am .::. SECOND SATURDAY : 7.30 am:.

"പരുമലയില്‍ വൃദ്ധസദനം പണിയും: യാക്കോബായസഭ"

കോട്ടയം: യാക്കോബായസഭയുടെ പരുമലയിലെ സ്ഥലത്ത് വൃദ്ധസദനം പണിയുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് യാക്കോബായസഭാ നിരണം ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. സ്ഥലത്ത് ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് കെട്ടിടം പണിയുന്നുവെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണ്. പരുമലയിലെ യാക്കോബായ സഭാവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പ്രസ്തുത സ്ഥലത്ത് പള്ളി പണിയാന്‍ സഭാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നിരോധിച്ച കളക്ടറുടെ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് നിരോധനം നിലവിലില്ലായെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചിട്ടുള്ളതുമാണ്. പിന്നീട് സ്ഥലത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പള്ളിനിര്‍മ്മാണം ഉപേക്ഷിച്ച് വൃദ്ധസദനം നിര്‍മ്മിക്കുന്നതായി കോടതിയില്‍ അപേക്ഷ നല്‍കുകയും നിര്‍മ്മാണത്തിനാവശ്യമായ നടപടി സ്വീകരിക്കാനുള്ള കോടതി ഉത്തരവ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുള്ളതുമാണ്. ഇതേ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയോടെ വൃദ്ധസദന നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. മറുവിഭാഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിര്‍മ്മാണ പ്രവര്‍ത്തനം തടയാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സഭാസ്ഥലത്ത് അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാര്‍ കൂറിലോസ് മെത്രാപ്പോലിത്താ പറഞ്ഞു.

"നടമേല്‍ പള്ളിയില്‍ ഓര്‍മപെരുന്നാള്‍ 9 മുതല്‍ 15 വരെ"

തൃപ്പൂണിത്തുറ: നടമേല്‍ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ വിത്തുകള്‍ക്കുവേണ്ടി വി. ദൈവമാതാവിന്റെ ഓര്‍മപെരുന്നാള്‍ 9 മുതല്‍ 15 വരെ ആഘോഷിക്കും. 9, 10, 11 തീയതികളില്‍ സുവിശേഷ പ്രസംഗവും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. 9ന്‌ വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം, 6.30ന്‌ ഗാനശുശ്രൂഷ, 7ന്‌ ഫാ. എബി വര്‍ക്കി സുവിശേഷം പ്രസംഗിക്കും. 10ന്‌ രാത്രി 7ന്‌ ഫാ. പി.ഒ. ഏലിയാസും 11ന്‌ രാത്രി 7ന്‌ ഫാ. യല്‍ദോ കറുത്തേടത്തും വചന ശുശ്രൂഷക്ക്‌ നേതൃത്വം നല്‍കും. 12ന്‌ രാവിലെ 7ന്‌ കുര്‍ബാന, വൈകിട്ട്‌ 7ന്‌ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലീത്ത കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന്‌ സന്ധ്യാനമസ്‌കാരം. 13ന്‌ രാവിലെ 7ന്‌ കുര്‍ബാന വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം തുടര്‍ന്ന്‌ ഭക്‌തിഗാനമേള. 14ന്‌ രാവിലെ 8ന്‌ ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, തുടര്‍ന്ന്‌ പാച്ചോര്‍ നേര്‍ച്ച, പള്ളിസാധനങ്ങള്‍ ആഘോഷപൂര്‍വം എഴുന്നള്ളിപ്പ്‌, വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം തുടര്‍ന്ന്‌ ചാത്താരി കുരിശുപള്ളിയിലേക്ക്‌ പ്രദക്ഷിണം. 15ന്‌ രാവിലെ 7ന്‌ ബെന്യാമിന്‍ മുളേരിക്കല റമ്പാന്‍ കുര്‍ബാന അര്‍പ്പിക്കും. 9ന്‌ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണാബാസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌ മെത്രാപോലീത്താമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, കുര്‍ബാന മധ്യേ മാതാവിന്റെ സൂനോറെ വിശ്വാസികള്‍ക്ക്‌ വണങ്ങുന്നതിനായി പേടകത്തില്‍ നിന്നും പുറത്തെടുക്കും. കുര്‍ബാനാന്തരം പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കണ്ടത്തില്‍ തോമസ്‌ കോറെപ്പിസ്‌കോപ്പയെ നടമേല്‍ പള്ളിക്കുവേണ്ടി അനുമോദിക്കും. 11.30 മുതല്‍ നേര്‍ച്ചസദ്യ. വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം രാത്രി 7ന്‌ പഴയ ബസ്‌റ്റാന്റിലെ കുരിശിന്‍ തൊട്ടിയിലേക്ക്‌ പ്രദക്ഷിണം. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ഫാ. ജേക്കബ്‌ കുരുവിള തട്ടാംപുറത്ത്‌, ഫാ. സെബു വെണ്ടപ്പിള്ളില്‍, ജോസഫ്‌ ചാലുവേലില്‍, പെരുന്നാള്‍ നടത്തിപ്പുകാരന്‍ വിന്‍സന്റ്‌ വര്‍ഗീസ്‌ നടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.